
അബുദാബി: യുഎഇ തലസ്ഥാനത്തെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 12 പേർക്ക് പരിക്കേറ്റതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. വ്യോമപ്രതിരോധ സംവിധാനം തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയിലെ അജ്ബാൻ മേഖലയിൽ പതിച്ചതിനെത്തുടർന്നാണ് ആളുകൾക്ക് പരിക്കേറ്റത്. അതേസമയം, പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായെങ്കിലും അഗ്നിശമന സേന അത് നിയന്ത്രണവിധേയമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ഇതിനിടെ, രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി നടന്ന ആക്രമണങ്ങളിൽ യു.എ.ഇയിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 203 ആയി ഉയർന്നതായും അധികൃതർ അറിയിച്ചു.











